Sunday, 24 July 2011

നീ എന്ന യാത്രക്കാരന്‍


   വൃക്ഷച്ചുവട്ടില്‍ അല്പനേരത്തേക്ക് വിശ്രമം കൊള്ളുന്ന യാത്രക്കാരന്‍ ; അതാണ്‌ നിനക്ക് ഈ ലോകത്ത് ഒരുക്കപ്പെട്ട ജീവിതം . റസൂലുല്ലാഹി(സ) യുടെ വാക്കുകളാണിത് . അല്‍പസമയം , വൃക്ഷച്ചുവട് , യാത്ര , യാത്രക്കാരന്‍ എന്നിവയെല്ലാം നിന്നെ ചിന്തിപ്പിക്കാനും പഠിപ്പിക്കാനും തന്നെയാണ് ഈ ഉപമയെ ഇങ്ങനെത്തന്നെ പറഞ്ഞത് . ജനങ്ങള്‍ പറയും , എത്ര നല്ല ഉപമ . ഈ ലോകത്ത് നാം യാത്രക്കാര്‍ തന്നെയല്ലേ ? ഇതെല്ലാം വിട്ടു പോവനുള്ളതല്ലേ  .....

   വന്നു കയറിയ മരച്ചുവട് ഏതെന്നോ പിന്നിടാനുള്ള യാത്ര എങ്ങോട്ടെന്നോ അല്പസമയത്തിന്റെ അനുഭവം എന്തിനെന്നോ ചിന്തയില്ലാത്തവന് ഈ ഉപമയില്‍ ഒരു സാഹിത്യം മാത്രമേ കണ്ടെത്താനാവൂ . 
   അല്ലാഹുവിലേക്കുള്ള സബീലിന് അവന്‍ നിന്നിലേക്ക്‌ ചേര്‍ത്ത കവാടമാണ് നീ വിഹരിക്കുന്ന ഈ ലോകജീവിതം . അവന്റെ തെളിഞ്ഞതും മറഞ്ഞതുമായ നിഅമതുകളുടെ പൊതിയും പൊരുളുമല്ലാതെ  നിന്നെ നിനക്ക് അറിയിക്കുന്നതായി എന്തുണ്ട് ? "തീര്‍ച്ചയായും നാം നമ്മിലേക്കുള്ള മാര്‍ഗത്തെ നിങ്ങളോട് അടുപ്പിച്ചു .എന്നെ അറിഞ്ഞു നന്ദി ചെയ്യുന്നവനോ നന്ദി കെട്ട്  അകന്നവനോ ആകുന്നതിനെ നിനക്കറിയിക്കാന്‍". നീ നന്ദി ചെയ്യുന്നെങ്കില്‍ അവനിലേക്കുള്ള മാര്‍ഗത്തില്‍ നിന്റെ സഞ്ചാരത്തിനു അവന്‍ വേഗതയേറ്റും . നന്ദിയുള്ളവനാവാന്‍ അവനെ നീ എവിടെയും കാണുന്നില്ലെങ്കിലോ  , കൈകാലുകള്‍ ചങ്ങലകളില്‍ ബന്ധിച്ച് സൃഷ്ടികളില്‍ കെട്ട് പിണഞ്ഞ് നന്ദികേടിന്റെ നരകച്ചൂടില്‍ അല്ലാഹുവിലേക്ക് ഒരനക്കം അനങ്ങാത്തവനായി നിന്നെ നീ കാണും. 
"തീര്‍ച്ചയായും നന്ദികേട്‌ കാണിക്കുന്നവര്‍ക്ക് ചങ്ങലകളും വിലങ്ങുകളും കത്തിയാളുന്ന നരകവും നാം ഒരുക്കിയിട്ടുണ്ട്." നന്ദികേടിന്റെ അനുഭവം വഴി നഷ്ടപ്പെടലും നന്ദി ചെയ്യുന്നതിന്റെ ആനന്ദം വഴി താണ്ടലുമാണ് . ഏത് വഴിയും അതിലുടനീളം ലക്ഷ്യത്തിലേക്കുള്ള അടയാളങ്ങളെ വരച്ച്‌ കാട്ടും . ലക്ഷ്യസ്ഥാനത്തെക്കുള്ള  അടുപ്പത്തിന്റെ സന്തോഷം പകര്‍ന്നു നല്‍കും . പിന്നിട്ട ദൂരത്തിന്റെ അങ്കലാപ്പുകളെ മായ്ച്ചു കൊണ്ടേയിരിക്കും . ലക്ഷ്യസ്ഥാനതിന്റെ സുഗന്ധവും തെളിച്ചവും യാത്രക്കാരനെ വഴിയില്‍ കൈപ്പിടിക്കും . 
   അവനിലേക്കുള്ള യാത്രയാണ് നിന്റെ ജീവിതം എന്നത് നീ അംഗീകരിക്കേണ്ട ഒരു സിദ്ധ്ധാന്തമല്ല, നീ അറിഞ്ഞു അനുഭവിക്കേണ്ട ഒരു യാതാര്ത്യമാണ് . നീ എന്നതിനെ അവന്‍ കണ്ടത് അനാഥനായി അവശനായി ആശ്രയിയായി . അങ്ങേയറ്റം  അലിവുറ്റവനായ അവനിലുള്ളതോ പരിപൂര്‍ണ്ണമായ ഐശ്വര്യം . സ്വയം ഉള്ളതും ഒരിക്കലും ഒടുങ്ങാത്തതുമായ  പ്രാപ്തിയും കരുത്തും.
ആവശ്യങ്ങളേതും വീട്ടാന്‍ യോഗ്യതയുള്ള അവന്റെ കൃപ,ഔദാര്യം എന്നിവ ഉന്നതമായ ഇഹ്സാനോട് കൂടി നിന്റെ അനാഥത്വത്തെ 
, നിന്നിലുള്ള ആശ്രയിയെ , നിനക്കുള്ള അവശതയെ ആകമാനം പൊതിഞ്ഞു . ഉള്ളും പുറവും പോരായ്മകളില്ലാതെ അവന്‍ നിറച്ചു . അവനിലേക്കുള്ള വഴിയെ അവന്‍ നീയുമായി ബന്ധിപ്പിച്ചു . നീ ഇനിയും ആശ്രയമറ്റവനല്ല  , ആശ്രയി തന്നെ . അവനിലേക്ക്‌ ജീവന് വേണ്ടി , അറിവിനും ബോധത്തിനും വേണ്ടി , കരുത്തിനും കാഴ്ചക്കും വേണ്ടി , വാക്കിനും കേള്‍വിക്കും വേണ്ടി , പിന്നെ ആഹാരത്തിനും വെള്ളത്തിനും വേണ്ടി . ആശ്രയികളിലേക്ക് ആശ്രയിയായല്ല , സൃഷ്ടികളിലെക്കുള്ള വഴിയല്ല അവന്‍ തുറന്നത് . സൃഷ്ടാവിലെക്കുള്ള വഴി . ആശ്രയകറ്റന്നവനുമായുള്ള ബന്ധം ,  സൃഷ്ടികളെ വസീലയാക്കിയും അല്ലാതെയും നിന്നില്‍ ആവശ്യങ്ങളെ കാട്ടി അവയെ അവന്‍ വീട്ടിക്കൊണ്ടെയിരിക്കുന്നു . ആവശ്യങ്ങളെ കാട്ടുന്നവന്‍ തന്നെ അവയെ വീട്ടുന്നതെന്തിനാണ് ? അവനിലേക്ക്‌ വഴി നടത്താന്‍ . ഇനി നീ നടന്നു കൊള്ളുക. അവനിലേക്ക്‌ . ആഹരിച്ച് കൊള്ളുക. അവന്‍ നല്‍കിയ കയ്യാല്‍ . അവന്‍ നിന്നെ അവനെപ്പറ്റി നന്നായി അറിയിച്ചു . നീ അവനെ ഒരു നിമിഷവും അറിയാതാവുന്നത് അവനിഷ്ടമേയല്ല . അവന്‍ നിന്റെ കൂടെ സദാ സമയവും തീറ്റിപ്പിച്ചും കുടിപ്പിച്ചും രസിപ്പിച്ചും ഇണക്കിയും പിണക്കിയും അവനെയോര്‍ത്തോര്‍ത്ത് ഇനിയൊന്നുമോര്‍ക്കെണ്ടെന്നാക്കി  നിന്നെ ഉറക്കിയും അവന്റെ ഓര്‍മയിലേക്ക് വീണ്ടുമുണര്‍ത്തിയും രാപകലുകളുടെ പുല്മേടയില്‍ മറ്റൊരു ജോലിയുമില്ലെന്ന വണ്ണം നിന്നോട് കെട്ട് പുണര്‍ന്നു ഉള്ളത് അവനാണ് . അറിയുന്നില്ലെങ്കില്‍ പിന്നെ നീ അറിയുന്നത് എന്താണ് ? സൃഷ്ടാവ് അവനാണ് . സൃഷ്ടിയോ അവന്റെതാണ് . നീയോ സൃഷ്ടിയാണ് . നിനക്കുള്ളതോ അവനാണ് . അവനെയല്ലാതെ നീ എന്തറിയാനാണ്  ? എവിടേക്ക് നീ കണ്ണ് തെറ്റിച്ചാലും അവിടെ അവന്‍ വന്നു നില്‍ക്കും . കൃപയുടെ പുഞ്ചിരിയോടെ . അറിഞ്ഞില്ലേ എന്ന പരിഭവത്തോടെ . നീ എന്തെല്ലാം കണ്ടും കേട്ടും നടക്കുന്നു . എന്നാല്‍ നിനക്കറിയുമോ അവന്റെ കാഴ്ചയിലും കേള്‍വിയിലും നീ മാത്രമാണെന്ന് . 
   അവനെ  മാത്രം ഓര്‍ത്തു കൊള്ളുക . നീ അവനെ ഓര്‍ക്കലല്ല;അവനെയല്ലാതെ നിനക്ക് ഓര്‍ക്കാനാവില്ല എന്നറിയലാണ് നിനക്കുള്ള അവന്റെ ഓര്‍മ . അവനിലേക്കുള്ളതല്ലാത്ത ഒരു വഴിയിലല്ലാതെ നിനക്ക് നില്‍ക്കാനാവില്ല . അവന്റെതാണ് വഴി എന്ന് തിരിച്ചറിയലാണ് വഴികേടില്‍ നിന്ന് നേര്‍വഴിയിലെക്കുള്ള മാര്‍ഗം . 

No comments:

Post a Comment