Sunday, 3 July 2011

ശ്രേഷ്ടതയിലേക്കുള്ള ലയനം

നാം മനുഷ്യര്‍ ഇവിടെ ജീവിക്കുക എന്നത് സൃഷ്ടാവായ അല്ലാഹുവിന്റെ ഇഷ്ടമാണ് . ഉന്നത പദവികള്‍ നല്‍കി അള്ളാഹു മനുഷ്യകുലത്തെ ആദരിച്ചു . അള്ളാഹു പറയുന്നു . "ആദം സന്തതികളെ നാം ബഹുമാനിച്ചിരിക്കുന്നു" . (അല്‍ ഇസ്റാ : 70).  അല്ലാഹുവിനു വഴിപ്പെട്ടവരെന്നോ വഴിപ്പെടാത്തവരെന്നോ ഉള്ള വ്യത്യാസമില്ലാതെ മുഴുവന്‍ മനുഷ്യര്‍ക്കും അള്ളാഹു നല്‍കിയിട്ടുള്ള ഔന്നത്യവും ശ്രേഷ്ടതയുമാണ് ഈ ആയതു ഉള്‍ക്കൊണ്ടിട്ടുള്ളത് . കല്ല്‌,മണ്ണ്,വായു,വെള്ളം(ജമാദാത്) തുടങ്ങിയ വസ്തുക്കളും വൃക്ഷലതാദികളും (നബാതാത് ) പക്ഷിമൃഗാദികളും (ഹയവാനാത്) അവയുടെ വൈവിദ്ധ്യമാര്‍ന്ന വര്‍ണങ്ങളെ കൊണ്ടും ഗുണവൈഭവങ്ങളെ കൊണ്ടും ദൃഷ്ടിഗോചരമായ ബാഹ്യ ലോകത്തെ(ആലമുശ്ഷഹാദ) അലങ്കരിക്കുന്ന സൃഷ്ടികളാണ് . ഇവയില്‍ കല്ല്‌ , മണ്ണ് , വെള്ളം പോലുള്ള വസ്തുക്കള്‍ ഫല വൃക്ഷങ്ങളിലേക്കും ചെടികളിലേക്കും ആവാഹിക്കപ്പെട്ട് അവയെക്കാള്‍ ഉല്‍കൃഷ്ടമായ തണ്ടുകളും ഇലകളും കായ്കനികളും ഉണ്ടാകുന്നു . 

കൂടുതല്‍ ഉല്‍കൃഷ്ടമായ ഒന്നിലേക്ക് ചെന്ന് ചേരുക എന്ന സവിശേഷതയാണ് അള്ളാഹു ഓരോ സൃഷ്ടിയിലും നിശ്ചയിച്ചിട്ടുള്ളത് . അതിനാല്‍ സസ്യങ്ങളും കായ്കനികളും പക്ഷിമൃഗാദികളാലും മനുഷ്യരാലും ഉപയോഗിക്കപെടുകയും ഭക്ഷിക്കപ്പെടുകയും ചെയ്യുന്നു . 

മേല്‍ പറഞ്ഞ ജമാദാത് , നബാതാത് , ഹയവാനാത് എന്നീ മൂന്നു വിഭാഗം സൃഷ്ടികളേക്കാള്‍ ശ്രേഷ്ടമായ ഗുണങ്ങളോടെയാണ് അല്ലാഹു മനുഷ്യവര്‍ഗത്തെ (ഇന്‍സാന്‍) സൃഷ്ടിച്ചിട്ടുള്ളത് . ഉപരിസൂചിതമായ മൂന്നു വിഭാഗം സൃഷ്ടികളേയും മനുഷ്യന് വേണ്ടി അല്ലാഹു കീഴ്പ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. "ഭൂമിയിലുള്ളതിനെ മുഴുവനായും ഞാന്‍ നിങ്ങള്ക്ക് കീഴ്പ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു" എന്ന ഖുര്‍ആനിക പ്രഖ്യാപനം അതാണല്ലോ സാക്ഷ്യപ്പെടുത്തുന്നത് . അതിന്നാവശ്യമായ സാമര്ത്യങ്ങളാലും കഴിവുകളാലും അല്ലാഹു മനുഷ്യനെ അനുഗ്രഹിച്ചിട്ടുമുണ്ട് . എന്നാല്‍ ഈ മനുഷ്യന്‍ ആരെയാണ് തേടേണ്ടത് ? . അവനെക്കാള്‍ ഉയര്‍ന്ന ഒരു സൃഷ്ടി വേറെ ഇല്ലെന്നിരിക്കെ , സൃഷ്ടാവിനെ മാത്രമാണ് അവന്‍ തേടേണ്ടത് !. 

അല്ലാഹു ഖുര്‍ആനില്‍ പറയുന്നു . "ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനു തസ്ബീഹു ചെയ്യുന്നു . അവന്‍ അജയ്യനും തന്ത്രജ്ഞനും ആകുന്നു ." (അല്‍ ഹദീദ് -1) 
  
സദാ സമയവും അല്ലാഹുവിനുള്ള പ്രകീര്‍ത്തനങ്ങളിലും വാഴ്തലുകളിമാണ് ആകാശഭൂമികളിലുള്ള മുഴുവന്‍ സൃഷ്ടിജാലങ്ങളും എന്നാണു അല്ലാഹു ഇവിടെ പറയുന്നത് . സൃഷ്ടാവിന്റെ സ്മരണയിലേക്ക് നിന്നെ ക്ഷണിക്കുന്ന കോഴിയുടെ കൂവലും പകലിനെ രാവ് വന്നു മൂടുന്ന നേരത്ത് നിറഞ്ഞ മേടയുമായി തങ്ങളുടെ കൂടുകളിലേക്ക്‌ ചേക്കേറുന്ന പറവകളുടെ കളകൂജനങ്ങളും ഉന്നതനായ സൃഷ്ടാവിനുള്ള പ്രണാമങ്ങളാണ്  എന്ന് നീ മനസ്സിലാക്കുക . 

നിന്റെ ഭക്ഷണത്തിന് വേണ്ടിയോ മറ്റാവശ്യങ്ങള്‍ക്ക് വേണ്ടിയോ സംഹരിക്കപ്പെടുന്ന ഈ  ജീവജാലങ്ങള്‍ അവയില്‍ നിലനിന്നിരുന്ന തസ്ബീഹുകള്‍ കൂടുതല്‍ ഉന്നതമായ രീതിയില്‍ നിന്നിലൂടെ നിലനിര്ത്തപ്പെടാന്‍ ആഗ്രഹിക്കപ്പെടുന്നുണ്ടെന്നു നീ മനസ്സിലാക്കുക . ദുനിയാവിലെ ഹ്രസ്വമായ ജീവിതത്തില്‍ നാം അനസ്യൂതം ഇടപെട്ടുകൊണ്ടിരിക്കുന്ന ഈ സൃഷ്ടികളുടെ യാഥാര്‍ത്ഥ്യം ഉണര്‍ന്നറിയാന്‍ നാം തയ്യാറാകുക . യഥാര്‍തത്തില്‍ നമ്മുടെ വിവിധ ആവശ്യങ്ങള്‍ക്ക് സബബായി സൃഷ്ടിക്കപ്പെട്ട ഈ സൃഷ്ടികളെയല്ല നമുക്ക് തേടാനുള്ളത് . പ്രത്യുത അവയുടെയും നമ്മുടെയും സൃഷ്ടാവായ അല്ലാഹുവിനെയാണ് . 

അല്ലാഹുവുമായി തനിക്കുള്ള ബന്ധം ഓരോ നിമിഷവും എപ്രകാരമാണ് ആയിരിക്കേണ്ടത് എന്നത് തിരുനബി (സ) സ്വഹാബതിനു പഠിപ്പിച്ചിട്ടുണ്ട് . തന്നിമിത്തം സദാസമയം അല്ലാഹുവുമായുള്ള ബന്ധം നിലനിര്‍ത്തി കൊണ്ട് അവനോടുള്ള പ്രേമത്തിലും അവന്റെ തേട്ടത്തിലുമായാണ് വിശുദ്ധരായ സ്വഹാബാക്കള്‍ ജീവിച്ചത് . 

അല്ലാഹുവിന്റെ ഹബീബായ തിരുനബി(സ)  യിലൂടെ അല്ലാഹുവിനെ പൂര്‍ണമായി തൃപ്തിപ്പെടുന്ന അവസ്ഥ അവര്‍ക്ക് കൈവന്നു . "അല്ലാഹു അവരിലും അവര്‍ അല്ലാഹുവിലും" ത്രുപ്തിപ്പെട്ടവരായി . ഈ ഉന്നതമായ തലത്തിലെക്കാണ് ഓരോ മനുഷ്യനും വളരാനുള്ളത് . ഈ ലക്ഷ്യത്തെ പരിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ നമുക്ക് പഠിപ്പിച്ചു തന്ന് അല്ലാഹുവിന്റെ തൃപ്തിതിയിലേക്ക് നമ്മെ കൈ പിടിക്കുന്നവരാണ് യഥാര്‍ത്ഥ പണ്ഡിതന്മാര്‍ . അത്തരക്കാരുമായുള്ള ബന്ധത്തിലൂടെയും സഹവാസത്തിലൂടെയും മാത്രമേ യഥാര്‍ത്ഥ ലക്‌ഷ്യം പ്രാപിച്ചു ഫലപ്രദരായിത്തീരാന്‍  നമുക്ക് സാധിക്കുകയുള്ളൂ  . അതിനു അല്ലാഹുവിന്റെ തൗഫീഖു ഉണ്ടാകട്ടെ . ആമീന്‍ 




1 comment:

  1. പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

    ReplyDelete