ജന്മം പാരതന്ത്ര്യമോ
മണ്ണും വിണ്ണും സൂര്യനും ചന്ദ്രനും
പ്രപഞ്ച സൃഷ്ടിജാലങ്ങളകിലവും
മര്‍ത്യന്റെയും മന്നവന്റെയും
ഇടയിലെ മതില്കെട്ടുകളോ ?
ഇവയൊക്കെയും ഫരോവയെപ്പോലെ
ഞാനാണ് നിങ്ങളുടെ രക്ഷിതാവെന്നുല്ഘോഷിച്ചുവോ ?
പിന്നെ എന്തിനു മിക്ക മനുഷ്യരും
നശിക്കുമീ മണ്ണിനു വേണ്ടി
അത്യാര്‍ത്തിയോടെ കൊതിക്കയും കലഹിക്കയും വേണം ?
സൃഷ്ടി തടങ്കലില്‍ ജീവിതം ഹോമിച്ചവര്‍
ഉപകരോപദ്രവവും ആശകളും ആശങ്കകളും
കേവല സൃഷ്ടിയില്‍ സമര്‍പ്പിച്ചവര്‍
എങ്ങനെ ഈ കൊടും തമസ്സില്‍ നിന്നൊന്നു
സ്വതന്തരാവും ? !
ഇവര്‍ സൃഷ്ടി പൂജകര്‍
ബഹുദൈവാരധകര്‍ !!
ഞാനും എന്റെതുമെന്നഹന്തയും
അവനും അവന്റെതുമെന്നസൂയയും
എല്ലാം സ്വന്തമാക്കാനാര്‍ത്തി
ഇഹപരത്തിലെന്തിനീ നരന്‍
നരകം പണിയുന്നു
തടങ്കല്‍ പാളയം തീര്‍ത്തതും
തടവറയില്‍ വസിപ്പിച്ചതും
തമ്പുരാന്റെ തമാശകള്‍
ആ ജ്ഞാനം നുകരാന്‍
ആറാമിന്ദ്രിയമെപ്പോള്‍
തുറക്കും രക്ഷിതാവേ ......
തടവറ പരീക്ഷണാലയവും
ജീവിതം പരീക്ഷണവും
വിധിച്ചവന്‍ പരീക്ഷകനും
സൃഷ്ടാവും പരിരക്ഷകനും
ഉടമസ്ഥനും വിധികര്‍താവുമെന്ന ജ്ഞാനം
വണക്കവും സമര്‍പ്പണവും
സ്വാതന്ത്രവും ഏകദൈവ വിശ്വാസവും
ജന്മ സാഫല്യം
ജഗനിയന്താവിന്റെ സാക്ഷാല്‍ക്കാരവും
മണ്ണും വിണ്ണും സൂര്യനും ചന്ദ്രനും
രക്ഷിതാവിലേക്കുള്ള
കുറിമാനങ്ങളും
സ്വത്വത്തെയും ഉണ്മയെയും
തിരിച്ചറിവേകിയ
തിരുദൂതരും ഗ്രന്ഥവും ജ്ഞാനികളും
ഗുരുവര്യരും വഴികാട്ടികളും വിമോചകരും
ഒരു പിടി മണ്ണും ദിവ്യ ചൈതന്യവും
പ്രാതിനിധ്യവും അമാനതും വഹിച്ച മനുഷ്യന്‍
സര്‍വ വസ്തുവും അധീനപ്പെടുത്തി
മനുഷ്യന്‍ എന്റെ രഹസ്യവും
ഞാന്‍ അവന്റെ രഹസ്യവുമെന്നു തമ്പുരാന്‍
അവന്‍ ഇനിയുമീ നശ്വര ലോകത്തെ പ്രേമിക്കയോ ?
അറിയൂ സ്വത്വത്തെ സൃഷ്ടിയായും
നാഥനെ പരിപാലകനായും
എല്ലാം ഭരമേല്‍പ്പിക്കുക നാഥനില്‍
എന്നാല്‍ നീ സ്വതന്ത്രനും ശാന്തി വരിച്ചവനും
മരണം കാത്തിരിപ്പൂ എങ്കിലും
സത്രമുപേക്ഷിക്കാന്‍
തിടുക്കമൊട്ടില്ലിപ്പോഴും
വിഷിദ്ധമായെന്നിലൂതിയ ആത്മാവ്
സ്വേച്ചയാല്‍ അശുദ്ധമാണിപ്പൊഴുമെന്‍ നാഥാ
രാഗ - ദ്വോഷ - ലോഭ മോഹങ്ങളൊക്കെയും
കീഴടക്കിയും
മദ മാത്സര്യം - അഹങ്കാരങ്ങളത്രയും
അടക്കി വാഴുകയും ചെയ്യുമീ മനസ്സും
പാപപങ്കിലമായ വസ്ത്രവും
വിശുദ്ധമാക്കുവോളം
കാത്തിരിക്കാമോ മരണമേ ....
നാഥനെ ത്രുപ്തിപ്പെട്ടും
നാഥന്റെ തൃപ്തിയിലായും
ശാന്തി പ്രാപിച്ച ആത്മാവോടെയും
മടങ്ങാനാണ് നാഥന്റെ ആജ്ഞ
അവന്‍ സജ്ജമാക്കിയത്
സംതൃപ്തരായ കൂട്ടാളികളും
സ്വര്‍ഗീയാരാമവും
അവനാണെന്റെ പ്രതീക്ഷയും പ്രത്യാശയും
-അല്‍ ഇര്‍ഫാന്‍