Sunday, 24 July 2011

നീ എന്ന യാത്രക്കാരന്‍


   വൃക്ഷച്ചുവട്ടില്‍ അല്പനേരത്തേക്ക് വിശ്രമം കൊള്ളുന്ന യാത്രക്കാരന്‍ ; അതാണ്‌ നിനക്ക് ഈ ലോകത്ത് ഒരുക്കപ്പെട്ട ജീവിതം . റസൂലുല്ലാഹി(സ) യുടെ വാക്കുകളാണിത് . അല്‍പസമയം , വൃക്ഷച്ചുവട് , യാത്ര , യാത്രക്കാരന്‍ എന്നിവയെല്ലാം നിന്നെ ചിന്തിപ്പിക്കാനും പഠിപ്പിക്കാനും തന്നെയാണ് ഈ ഉപമയെ ഇങ്ങനെത്തന്നെ പറഞ്ഞത് . ജനങ്ങള്‍ പറയും , എത്ര നല്ല ഉപമ . ഈ ലോകത്ത് നാം യാത്രക്കാര്‍ തന്നെയല്ലേ ? ഇതെല്ലാം വിട്ടു പോവനുള്ളതല്ലേ  .....

   വന്നു കയറിയ മരച്ചുവട് ഏതെന്നോ പിന്നിടാനുള്ള യാത്ര എങ്ങോട്ടെന്നോ അല്പസമയത്തിന്റെ അനുഭവം എന്തിനെന്നോ ചിന്തയില്ലാത്തവന് ഈ ഉപമയില്‍ ഒരു സാഹിത്യം മാത്രമേ കണ്ടെത്താനാവൂ . 
   അല്ലാഹുവിലേക്കുള്ള സബീലിന് അവന്‍ നിന്നിലേക്ക്‌ ചേര്‍ത്ത കവാടമാണ് നീ വിഹരിക്കുന്ന ഈ ലോകജീവിതം . അവന്റെ തെളിഞ്ഞതും മറഞ്ഞതുമായ നിഅമതുകളുടെ പൊതിയും പൊരുളുമല്ലാതെ  നിന്നെ നിനക്ക് അറിയിക്കുന്നതായി എന്തുണ്ട് ? "തീര്‍ച്ചയായും നാം നമ്മിലേക്കുള്ള മാര്‍ഗത്തെ നിങ്ങളോട് അടുപ്പിച്ചു .എന്നെ അറിഞ്ഞു നന്ദി ചെയ്യുന്നവനോ നന്ദി കെട്ട്  അകന്നവനോ ആകുന്നതിനെ നിനക്കറിയിക്കാന്‍". നീ നന്ദി ചെയ്യുന്നെങ്കില്‍ അവനിലേക്കുള്ള മാര്‍ഗത്തില്‍ നിന്റെ സഞ്ചാരത്തിനു അവന്‍ വേഗതയേറ്റും . നന്ദിയുള്ളവനാവാന്‍ അവനെ നീ എവിടെയും കാണുന്നില്ലെങ്കിലോ  , കൈകാലുകള്‍ ചങ്ങലകളില്‍ ബന്ധിച്ച് സൃഷ്ടികളില്‍ കെട്ട് പിണഞ്ഞ് നന്ദികേടിന്റെ നരകച്ചൂടില്‍ അല്ലാഹുവിലേക്ക് ഒരനക്കം അനങ്ങാത്തവനായി നിന്നെ നീ കാണും. 
"തീര്‍ച്ചയായും നന്ദികേട്‌ കാണിക്കുന്നവര്‍ക്ക് ചങ്ങലകളും വിലങ്ങുകളും കത്തിയാളുന്ന നരകവും നാം ഒരുക്കിയിട്ടുണ്ട്." നന്ദികേടിന്റെ അനുഭവം വഴി നഷ്ടപ്പെടലും നന്ദി ചെയ്യുന്നതിന്റെ ആനന്ദം വഴി താണ്ടലുമാണ് . ഏത് വഴിയും അതിലുടനീളം ലക്ഷ്യത്തിലേക്കുള്ള അടയാളങ്ങളെ വരച്ച്‌ കാട്ടും . ലക്ഷ്യസ്ഥാനത്തെക്കുള്ള  അടുപ്പത്തിന്റെ സന്തോഷം പകര്‍ന്നു നല്‍കും . പിന്നിട്ട ദൂരത്തിന്റെ അങ്കലാപ്പുകളെ മായ്ച്ചു കൊണ്ടേയിരിക്കും . ലക്ഷ്യസ്ഥാനതിന്റെ സുഗന്ധവും തെളിച്ചവും യാത്രക്കാരനെ വഴിയില്‍ കൈപ്പിടിക്കും . 
   അവനിലേക്കുള്ള യാത്രയാണ് നിന്റെ ജീവിതം എന്നത് നീ അംഗീകരിക്കേണ്ട ഒരു സിദ്ധ്ധാന്തമല്ല, നീ അറിഞ്ഞു അനുഭവിക്കേണ്ട ഒരു യാതാര്ത്യമാണ് . നീ എന്നതിനെ അവന്‍ കണ്ടത് അനാഥനായി അവശനായി ആശ്രയിയായി . അങ്ങേയറ്റം  അലിവുറ്റവനായ അവനിലുള്ളതോ പരിപൂര്‍ണ്ണമായ ഐശ്വര്യം . സ്വയം ഉള്ളതും ഒരിക്കലും ഒടുങ്ങാത്തതുമായ  പ്രാപ്തിയും കരുത്തും.
ആവശ്യങ്ങളേതും വീട്ടാന്‍ യോഗ്യതയുള്ള അവന്റെ കൃപ,ഔദാര്യം എന്നിവ ഉന്നതമായ ഇഹ്സാനോട് കൂടി നിന്റെ അനാഥത്വത്തെ 
, നിന്നിലുള്ള ആശ്രയിയെ , നിനക്കുള്ള അവശതയെ ആകമാനം പൊതിഞ്ഞു . ഉള്ളും പുറവും പോരായ്മകളില്ലാതെ അവന്‍ നിറച്ചു . അവനിലേക്കുള്ള വഴിയെ അവന്‍ നീയുമായി ബന്ധിപ്പിച്ചു . നീ ഇനിയും ആശ്രയമറ്റവനല്ല  , ആശ്രയി തന്നെ . അവനിലേക്ക്‌ ജീവന് വേണ്ടി , അറിവിനും ബോധത്തിനും വേണ്ടി , കരുത്തിനും കാഴ്ചക്കും വേണ്ടി , വാക്കിനും കേള്‍വിക്കും വേണ്ടി , പിന്നെ ആഹാരത്തിനും വെള്ളത്തിനും വേണ്ടി . ആശ്രയികളിലേക്ക് ആശ്രയിയായല്ല , സൃഷ്ടികളിലെക്കുള്ള വഴിയല്ല അവന്‍ തുറന്നത് . സൃഷ്ടാവിലെക്കുള്ള വഴി . ആശ്രയകറ്റന്നവനുമായുള്ള ബന്ധം ,  സൃഷ്ടികളെ വസീലയാക്കിയും അല്ലാതെയും നിന്നില്‍ ആവശ്യങ്ങളെ കാട്ടി അവയെ അവന്‍ വീട്ടിക്കൊണ്ടെയിരിക്കുന്നു . ആവശ്യങ്ങളെ കാട്ടുന്നവന്‍ തന്നെ അവയെ വീട്ടുന്നതെന്തിനാണ് ? അവനിലേക്ക്‌ വഴി നടത്താന്‍ . ഇനി നീ നടന്നു കൊള്ളുക. അവനിലേക്ക്‌ . ആഹരിച്ച് കൊള്ളുക. അവന്‍ നല്‍കിയ കയ്യാല്‍ . അവന്‍ നിന്നെ അവനെപ്പറ്റി നന്നായി അറിയിച്ചു . നീ അവനെ ഒരു നിമിഷവും അറിയാതാവുന്നത് അവനിഷ്ടമേയല്ല . അവന്‍ നിന്റെ കൂടെ സദാ സമയവും തീറ്റിപ്പിച്ചും കുടിപ്പിച്ചും രസിപ്പിച്ചും ഇണക്കിയും പിണക്കിയും അവനെയോര്‍ത്തോര്‍ത്ത് ഇനിയൊന്നുമോര്‍ക്കെണ്ടെന്നാക്കി  നിന്നെ ഉറക്കിയും അവന്റെ ഓര്‍മയിലേക്ക് വീണ്ടുമുണര്‍ത്തിയും രാപകലുകളുടെ പുല്മേടയില്‍ മറ്റൊരു ജോലിയുമില്ലെന്ന വണ്ണം നിന്നോട് കെട്ട് പുണര്‍ന്നു ഉള്ളത് അവനാണ് . അറിയുന്നില്ലെങ്കില്‍ പിന്നെ നീ അറിയുന്നത് എന്താണ് ? സൃഷ്ടാവ് അവനാണ് . സൃഷ്ടിയോ അവന്റെതാണ് . നീയോ സൃഷ്ടിയാണ് . നിനക്കുള്ളതോ അവനാണ് . അവനെയല്ലാതെ നീ എന്തറിയാനാണ്  ? എവിടേക്ക് നീ കണ്ണ് തെറ്റിച്ചാലും അവിടെ അവന്‍ വന്നു നില്‍ക്കും . കൃപയുടെ പുഞ്ചിരിയോടെ . അറിഞ്ഞില്ലേ എന്ന പരിഭവത്തോടെ . നീ എന്തെല്ലാം കണ്ടും കേട്ടും നടക്കുന്നു . എന്നാല്‍ നിനക്കറിയുമോ അവന്റെ കാഴ്ചയിലും കേള്‍വിയിലും നീ മാത്രമാണെന്ന് . 
   അവനെ  മാത്രം ഓര്‍ത്തു കൊള്ളുക . നീ അവനെ ഓര്‍ക്കലല്ല;അവനെയല്ലാതെ നിനക്ക് ഓര്‍ക്കാനാവില്ല എന്നറിയലാണ് നിനക്കുള്ള അവന്റെ ഓര്‍മ . അവനിലേക്കുള്ളതല്ലാത്ത ഒരു വഴിയിലല്ലാതെ നിനക്ക് നില്‍ക്കാനാവില്ല . അവന്റെതാണ് വഴി എന്ന് തിരിച്ചറിയലാണ് വഴികേടില്‍ നിന്ന് നേര്‍വഴിയിലെക്കുള്ള മാര്‍ഗം . 

Sunday, 17 July 2011

നമുക്ക് അല്ലാഹു പോരെ ?

ഇസ്ലാം , ഈമാന്‍ , ഇഹ്സാന്‍   
ദീനിന്റെ മൗലികമായ മൂന്നു സവിശേഷ വിഷയങ്ങളാണിവ. പ്രവാചകന്‍ (സ) യുടെ തിരുസന്നിധിയില്‍ ജിബ്രീല്‍ (അ) വന്നു ദീനെന്താണെന്നും ദീന്‍ എങ്ങനെയാണ് പടിക്കേണ്ടതെന്നും കാണിച്ചു കൊടുത്ത സന്ദര്‍ഭം ഹദീസ് ഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്നുണ്ട് . ഇസ്ലാം ഉള്‍ക്കൊണ്ടവരെ മുസ്ലീംകളായും ഈമാന്‍ ഉള്‍ക്കൊണ്ടവരെ മുഅമിനുകളായും ഇഹ്സാന്‍ ഉള്‍ക്കൊണ്ടവരെ മുഹ്സിനീങ്ങളായും ദീന്‍ പരിചയപ്പെടുത്തുന്നു. 
മുസ്ലിം ആരാണ് ? 
   രണ്ടു ശഹാദത് കലിമ സാക്ഷ്യപ്പെടുത്തുന്നവനാണ്  മുസ്ലിം . കലിമയെ എങ്ങനെയാണ് സാക്ഷ്യപ്പെടുത്തുക ? നമസ്കാരത്തിന്റെ ശര്ത്തും ഫര്ളും നമുക്കറിയാം . 
കലിമയുടെ ശര്ത്തും ഫര്ളും എത്രയാണെന്നോ എതോക്കെയാണെന്നോ നമുക്കറിയാമോ ? 
മുഅമിന്‍ ആരാണ് ? 
   മുഅമിനിന്റെ ലക്ഷണങ്ങലെന്തൊക്കെയാണ്  ? ഒരു യഥാര്‍ത്ഥ സത്യവിശ്വാസിയാവാനെന്താണ് വഴി ? പ്രവാചകന്‍ (സ) സ്വഹാബാക്കള്‍ക്ക് എങ്ങനെയാണ് ഈമാന്‍ പകര്‍ന്നു കൊടുത്തത് ?
മുഹ്സിന്‍ ആരാണ് ? 
   അല്ലാഹുവിനെ കാണുന്നത് പോലെ ആരാധിക്കുക . അല്ലെങ്കില്‍ അല്ലാഹു നമ്മെ കാണുന്നുവെന്ന ബോധത്തോടെ ഇബാദത്ത് ചെയ്യുക . ഈ രണ്ടാലൊരവസ്ഥ എങ്ങനെ നമുക്ക് പ്രാപിക്കാന്‍ കഴിയും ? കാണുക കാണപ്പെടുക എന്നീ രണ്ടവസ്ഥകളുടെ  പൊരുളെന്താണ് ? ആരാധനയുടെ ആന്തരിക സത്ത ഇതായിരിക്കെ ഇത് നാം നേടെണ്ടതല്ലേ ?
    ഈ പ്രത്യക്ഷ ലോകത്ത് നിന്നും ആലമുല്‍ ബര്സഖിലെക്കാണ് നമ്മുടെ പ്രയാണം . ഖബറില്‍ വെച്ച് നമസ്കാരത്തെ കുറിച്ചോ നോമ്പിനെക്കുറിച്ചോ  മറ്റു സല്ക്കര്‍മങ്ങളെക്കുരിച്ചോ  അല്ല ചോദിക്കപ്പെടുന്നത് . നമ്മുടെ വിശ്വാസ ദൃഡതയാണ്  ഖബറില്‍ പരീക്ഷിക്കപ്പെടുന്നത് . "ആരാണ് നിന്റെ റബ് ?" അല്ലാഹുവിനെ നമ്മുടെ പരിപാലകനായും കൈകാര്യകര്‍താവായും നാം ഉള്‍ക്കൊണ്ടിട്ടുണ്ടോ ? അതോ , സമ്പത്തിനെയും ജീവിത സൌകര്യങ്ങളെയുമാണോ  നാം റബ്ബാക്കിയിട്ടുള്ളത്  ? ഖബറില്‍ വിജയിച്ചവന്‍ ശേഷമുള്ള ജീവിതത്തിലും വിജയിക്കുമെന്ന പ്രവാചകാധ്യാപനം കൂടി ഓര്‍ക്കുക . 
   ഈ സമുദായത്തിന്റെ ആദ്യവിഭാഗം ഏതൊന്ന് കൊണ്ടാണോ നന്നായത് അത് കൊണ്ട് മാത്രമാണ് അവസാന സമുദായവും നന്നാകുക എന്ന് നബി (സ) പഠിപ്പിച്ചു . 
   "നിശ്ചയമായും നിങ്ങള്‍ ലാഇലാഹ ഇല്ലല്ലായെ അറിയുക"(വി.ഖു.47:19) . കലിമതുത്വയ്യിബയെ അറിയുക എന്നാണ് നാഥന്റെ കല്പന . നബി(സ) നുബുവ്വതിനു ശേഷം 12 വര്‍ഷത്തോളം കലിമതുത്വയ്യിബയാണ്  സ്വഹാബതിനെ പഠിപ്പിച്ചത് . സമുദായത്തിന്റെ ആദ്യ വിഭാഗക്കാരായ സ്വഹാബാക്കള്‍ എല്ലാ ഔന്നത്യവും നേടിയെടുത്തത് കലിമയുടെ പഠനത്തിലൂടെയാണ് . എന്നാല്‍ നാം എത്ര സമയമാണ് കലിമ പഠിക്കാനായി വിനിയോഗിച്ചത് ? കലിമ പഠിക്കുന്നതിലൂടെ മാത്രമേ അല്ലാഹുവുമായുള്ള യഥാര്‍ത്ഥ ബന്ധവും സ്നേഹവും വിശ്വാസവും നേടിയെടുക്കാന്‍ കഴിയൂ. 
   "നിങ്ങള്‍ എവിടെയായിരുന്നാലും അവന്‍ നിങ്ങളുടെ കൂടെയുണ്ട് "(വി.ഖു.57:4). "നാം അവന്റെ ജീവനാഡിയെക്കാള്‍  അടുത്തവനാണ് ."(വി.ഖു.50:16)."അല്ലാഹു എല്ലാ വസ്തുക്കളെയും വലയം ചെയ്തവനാണ്."(വി.ഖു.41:54)."അവനാണ് ആദ്യവും അന്ത്യവും പ്രത്യക്ഷവും പരോക്ഷവും."(വി.ഖു.57:3). എന്നിങ്ങനെ നിരവധി ആയതുകളിലൂടെ അവന്റെ യഥാര്ത്യത്തിലേക്ക് നമ്മെ വഴി കാണിക്കുമ്പോള്‍ നാം എന്ത് കൊണ്ട് ചിന്തിക്കുന്നില്ല ? അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അല്ലാഹുവിനോട് മാത്രം സഹായം തേടുകയും ചെയ്യണമെങ്കില്‍ കലിമ അറിഞ്ഞിരിക്കണം . "അവന്റെ അടിമക്ക് അല്ലാഹു പോരേ"(വി.ഖു.39:36) എന്ന്  അവന്‍ ചോദിക്കുന്നു . നമ്മുടെ മുമ്പില്‍ ഉപകാരവും ഉപദ്രവവും ചെയ്യുന്നതായി തോന്നുന്ന സൃഷ്ടികളുടെ യാഥാര്‍ത്യമെന്താണെന്നും അല്ലാഹുവിന്റെ ഉലൂഹിയത്‌ എന്താണെന്നും മനസ്സിലാക്കുമ്പോള്‍ മാത്രമേ "അല്ലാഹുവേ നീ മതി" എന്നുത്തരം നല്‍കാന്‍ നമുക്ക് കഴിയൂ . 
   തൌഹീദ് , ഖബര്‍ സിയാരത് ചെയ്‌താല്‍ നഷ്ടപ്പെടുന്നതോ ചെയ്യാതിരുന്നാല്‍ ലഭിക്കുന്നതോ അല്ല. ശിര്‍ക്ക് , ഏതെങ്കിലും മഹാത്മാക്കളെ വിളിച്ചാല്‍ വരുന്നതോ വിളിക്കതിരുന്നാല്‍ പോകുന്നതോ അല്ല . വെളിച്ചം വന്നാല്‍ ഇരുട്ട് നീങ്ങും . അറിവ് ലഭിച്ചാല്‍ അജ്ഞത പോകും . തൌഹീദ് വന്നാല്‍ ശിര്‍ക്ക് വഴി മാറും . അത് കൊണ്ട് അറിവിന്റെ ലോകത്തേക്ക് വരിക .
   നാം ദിവസവും ഖുര്‍ആന്‍ ഓതുന്നവരും അര്‍ഥം അറിയുന്നവരും ആയിരിക്കാം . പക്ഷേ , വിശുദ്ധ ഖുര്‍ആന്‍ "നിങ്ങള്‍ കാണുന്നില്ലേ , അറിയുന്നില്ലേ , ചിന്തിക്കുന്നില്ലേ " എന്ന് അടിക്കടി ഉണര്ത്തിയിട്ടും എന്താണ്  നാം യതാര്ത്യത്തെ അറിയുകയും കാണുകയും ചിന്തിക്കുകയും ചെയ്യാത്തത് ?
   ആധുനിക മനുഷ്യന് ശരീരത്തിന്റെ രോഗങ്ങളെ കുറിച്ചാണ് അറിവും വേവലാതിയുമുള്ളത് . ഹൃദയത്തിന്റെ രോഗങ്ങളെ കുറിച്ച് അറിയില്ല . ശരീരത്തിന്റെ രോഗങ്ങള്‍ കൊണ്ട് നഷ്ടമാകുന്നത് ഈ നശ്വരമായ ലോകം മാത്രമാണ് . ഹൃദയത്തിന്റെ രോഗങ്ങള്‍ കൊണ്ട് നഷ്ടമാകുന്നത് അനശ്വരമായ പരലോകത്തിലെ ആനന്ദജീവിതമാണ് . അഹങ്കാരം , പൊങ്ങച്ചം , അസൂയ , അത്യാര്‍ത്തി , ഭയം , ദുഃഖം തുടങ്ങി ധാരാളം രോഗങ്ങള്‍ മനുഷ്യന്റെ പരലോക ജീവിതം നഷ്ടമാകാന്‍ കാരണമായേക്കാം . "അണുമണിതൂക്കം അഹങ്കാരം ഉള്ളവന്‍ സ്വര്‍ഗത്തില്‍ കടക്കുകയില്ലെന്നും അഗ്നി വിറകിനെ കരിക്കുന്നത് പോലെ സല്ക്കര്മങ്ങളെ അസൂയ ഹനിക്കുമെന്നും" തിരുനബി(സ) യുടെ ഹദീസുകളില്‍ കാണാം . ശരീരാരോഗ്യത്തിന് നാം ഡോക്ടറെ സമീപിക്കുമ്പോള്‍ ഹൃദയാരോഗ്യത്തിനു നാം ആത്മീയ ഗുരുക്കന്മാരെ സമീപിക്കേണ്ടി വരും . നബി(സ) യുടെയും സ്വഹാബതിന്റെയും മാതൃക അതാണ്‌ പഠിപ്പിക്കുന്നത്‌ . നബി(സ) ശരീരത്തിന്റെയും ഹൃദയത്തിന്റെയും രോഗങ്ങളറിയുന്ന ഗുരുവര്യരായിരുന്നു . 
   നാം ഇഹപരവിജയികളാവണം . ഇനി നമുക്ക് പ്രവാചകന്മാര്‍ വരാനില്ല. നമുക്ക് അല്ലാഹുവിനോടും അവന്റെ റസൂലിനോടും ഏറ്റവും കൂടുതല്‍ സ്നേഹം വേണം . സംഘടനാബാഹുല്യങ്ങളുടെ മായാലോകത്ത് മാത്രം വിരാജിച്ചാല്‍ നാം വിജയികളാവുകയില്ല  .
   വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. "ഹേ സത്യവിശ്വാസികളെ , നിങ്ങള്‍ അല്ലാഹുവിനു തഖ്‌വാ ചെയ്യുകയും സത്യവാന്മാരോട് കൂടെ ആവുകയും ചെയ്യുക. "(9:119) . ഈ വിശുദ്ധ വചനം നാം ഉള്‍ക്കൊള്ളുക . അവര്‍ നമ്മെ അല്ലാഹുവില്‍ എത്തിക്കും . 
   തിരുമേനി (സ) പറയുന്നു. "നീ അല്ലാഹുവിനോട്  കൂടെ ആവുക. അല്ലെങ്കില്‍ അല്ലാഹുവിനോട് കൂടെയായവരുടെ കൂടെയാവുക. അവര്‍ നിങ്ങളെ അല്ലാഹുവിലേക്ക് ചേര്‍ക്കും ."
   അറിവ് വിശ്വാസിയുടെ വീണു പോയ സ്വത്താണെന്നും അതെവിടെക്കണ്ടാലും വീണ്ടെടുക്കണമെന്നും അറിവിന്റെ സദസ്സ് സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു പൂന്തോപ്പാണെന്നുമുള്ള  തിരുവചനം ഉള്‍ക്കൊള്ളുക . 
   അള്ളാഹു മനസ്സിലാക്കാനും വിജയം വരിക്കാനുമുള്ള ഭാഗ്യം നല്‍കട്ടെ . ആമീന്‍. 
    

Monday, 11 July 2011

കടലെന്താണെന്ന്‌ പറയാം കടലില്‍ എന്തെല്ലാമെന്ന്‌ എണ്ണിത്തീര്‍ക്കുന്നതെങ്ങനെ ?


കടലെന്താണെന്ന്‌ പറയാം കടലില്‍ എന്തെല്ലാമെന്ന്‌ എണ്ണിത്തീര്‍ക്കുന്നതെങ്ങനെ ?
പി.എ നാസിമുദ്ദീന്‍
 
ഇസ്ലാമിന്റെ വിശുദ്ധി വീണ്ടെടുക്കാന്‍ നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ പൌരോഹിത്യത്തോടും അഴുകിയ പാരമ്പര്യത്തോടും നടത്തിയ പോരാട്ടം കേരളീയ ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമാണ്. ഈ ശ്രമത്തിനിടയില്‍ തങ്ങളുടെ ജീവിതത്തെ സുദൃഢമായ അച്ചടക്കത്തില്‍ നിബന്ധിച്ചു നിറുത്താനും പുതിയ ആശയ പ്രപഞ്ചങ്ങള്‍ വായനക്കാര്‍ക്ക് കാഴ്ചവെക്കാനും അവര്‍ക്ക് കഴിഞ്ഞു. ഇത്തരം ഒട്ടേറെ ഗുണാത്മകതകള്‍ അതിനുണ്ടായിരുന്നെങ്കിലും അവര്‍ മറന്നുപോയ ഒന്നായിരുന്നു കലാസാഹിത്യങ്ങളുടെ പ്രോത്സാഹനവും സൌന്ദര്യ-സര്‍ഗാത്മക ശക്തികളുടെ പോഷണവും.
 
കവിതാ രംഗത്ത് അല്ലാമാ ഇഖ്ബാല്‍, മൌലാനാ റൂമി, ലബീബ് മുതലായവരുടെയും ആഖ്യാനരംഗത്ത് അമീര്‍ ഹംസ, തുര്‍ക്കിസ്താനിലെ രാവുകള്‍ മുതലായവ നോവലുകളുടെയും സംഗീതത്തില്‍ ഗസല്‍, ഖവാലി, ഹിന്ദുസ്ഥാനി മുതലായ പാരമ്പര്യങ്ങളുടെയും വലിയൊരു പശ്ചാത്തലം ഇസ്ലാമിക സംസ്കാരത്തിനുണ്ടായിരുന്നെങ്കിലും, അതിന്റെ ഊര്‍ജം നവോത്ഥാനത്തിലേക്ക് വേണ്ടവിധം കണ്ണിചേര്‍ക്കാന്‍ എന്തുകൊണ്ടോ കഴിഞ്ഞില്ല (അംഗീകൃത എഴുത്തുകാരികളായ ലളിതാംബിക അന്തര്‍ജനത്തിനും കെ. സരസ്വതിയമ്മക്കും മുമ്പേ ഹലീമാബീവി എന്ന കവയിത്രി കേരളത്തില്‍ ഉണ്ടായിരുന്നുവെന്നത് ഓര്‍ക്കുക).
 
ഇതൊരു പക്ഷേ, പാരമ്പര്യ പ്രസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പിലേക്ക് തങ്ങളുടെ മുഴുവന്‍ ഊര്‍ജവും വിനിയോഗിക്കേണ്ടി വന്നതിനാലാകാം. അല്ലെങ്കില്‍ കലാ-സാഹിത്യങ്ങളുടെ അദമ്യമായ സ്വാതന്ത്യ്രവാഞ്ഛകള്‍ തങ്ങളുടെ സുദൃഢമായ അച്ചടക്കത്തെ ബാധിക്കും എന്നതു കൊണ്ടുമായിരിക്കാം. എന്തായാലും ഇത്തരം സര്‍ഗശോഷണങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഉപരിതലത്തില്‍ മാത്രമായിരുന്നെന്നും അതിന്റെ ആന്തരികതയില്‍ സൌന്ദര്യബോധവും ഹര്‍ഷോന്മാദങ്ങളും തങ്ങിനിന്നിരുന്നു എന്നും തെളിയിക്കുന്നതാണ് കേരളത്തില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് അടിത്തറ പാകുന്നതില്‍ പ്രധാന പങ്കുവഹിച്ച ടി.കെ അബ്ദുല്ല രചിച്ച 'ഇഖ്ബാലിനെ കണ്ടെത്തല്‍' എന്ന പ്രൌഢഗ്രന്ഥം.
 
ഉത്തരാധുനിക സിദ്ധാന്തങ്ങളില്‍ എഴുത്തുകാരന്‍ തന്റെ കൃതിക്കൊപ്പം മരിച്ചുപോയവനും(റോളന്‍ ബാര്‍ത്ത്) വായനക്കാരന്‍ സ്രഷ്ടാവുമാണ്. ഈ സിദ്ധാന്ത പ്രകാരം ഇഖ്ബാലിനെക്കുറിച്ചുള്ള ഈ പുസ്തകമെഴുതുമ്പോള്‍ ഇഖ്ബാലിന്റെ സര്‍ഗാത്മകതയല്ല ടി.കെ അബ്ദുല്ല കണ്ടെടുക്കുന്നത്, സ്വന്തം സര്‍ഗാത്മകതയെ തന്നെയാണ്.
 
ആമുഖത്തില്‍ ഗ്രന്ഥകാരന്‍ പറയുന്നു: 'ഇഖ്ബാല്‍ ഒരു കരകാണാ കടലാണ്. അതിന്റെ ആഴവും പരപ്പും അളന്നു തിട്ടപ്പെടുത്തുക പ്രയാസം. കടല്‍ എന്താണെന്ന് ഈ കൃതിയിലുണ്ട്. കടലില്‍ എന്തെല്ലാമാണെന്ന് എണ്ണിതീര്‍ക്കുന്നില്ല.'
 
'വാഗ്മിത്വം' എന്ന വാക്കിന് കുറച്ചു വാക്കുകളിലൂടെ കൂടുതല്‍ ആശയങ്ങളെ പ്രകാശിപ്പിക്കുക എന്നാണല്ലോ അര്‍ഥം. ഒരു ഉപ്പുതരിയില്‍നിന്ന് സമുദ്രത്തെ രുചിച്ചറിയുന്നതു പോലെ തന്റെ രണ്ടു ചെറുപ്രസംഗങ്ങള്‍ വികസിപ്പിച്ചെടുത്ത് തയാറാക്കിയ ഈ ഗ്രന്ഥത്തിലൂടെ അദ്ദേഹം ഇഖ്ബാലിന്റെ സാകല്യത്തെ സംക്ഷേപാര്‍ഥത്തില്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുകയാണ്. ഇഖ്ബാലിനെക്കുറിച്ച് 'കോഴിക്കോട് ഇഖ്ബാല്‍ ട്രസ്റ്' പ്രസിദ്ധീകരിച്ച അബ്ദുസ്സമദ് സമദാനിയുടെ ഉള്‍പ്പെടെ ഏതാണ്ട് രണ്ടു ഡസനോളം പുസ്തകങ്ങള്‍ നമ്മുടെ ഭാഷയിലുണ്ട്. പക്ഷേ, ഈ പുസ്തകങ്ങളില്‍ കാണുന്ന വിവരണാത്മക ശൈലിയില്‍നിന്ന് വ്യത്യസ്തമായി ഇഖ്ബാലിന്റെ തത്ത്വശാസ്ത്രത്തെയും കവിതയെയും തന്റെ മൂര്‍ച്ചയേറിയ ധിഷണയാല്‍ ഉദ്ഗ്രഥിച്ചെടുക്കാനാണ് ഇക്ബാലിനെ കണ്ടെത്തല്‍ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ശ്രമിക്കുന്നത്.
 
ഇഖ്ബാല്‍ വാസ്തവത്തില്‍ കേവലം ഒരു വ്യക്തിയായിരുന്നില്ല. ഒരു മഹാപ്രസ്ഥാനം തന്നെയായിരുന്നു. ഇന്ത്യന്‍ ചരിത്രത്തിന്റെ ദശാസന്ധിയില്‍ സംഭവിച്ച ഒരു അസാധാരണ പ്രതിഭാസം. കവിതയില്‍ അദ്ദേഹം ജഡിലമായിപ്പോയ സമൂഹ മനസ്സാക്ഷിയെ ഉണര്‍ത്തുന്ന കൊടുങ്കാറ്റിന്റെ ഹുങ്കാരവും ഇടിമിന്നലിന്റെ വൈദ്യുതാഘാതവും ഉളവാക്കി. തത്ത്വചിന്തയില്‍ ഖുര്‍ആന്‍ വെളിവാക്കുന്ന മനുഷ്യന്റെ അതുല്യത (ഖലീലുല്ലാഹി) എന്ന പരികല്‍പനയെ പൂര്‍ണ മനുഷ്യന്‍ (അല്‍ ഇന്‍സാന്‍- അല്‍ കാമില്‍) എന്ന ദര്‍ശനത്തിലേക്ക് വികസിപ്പിച്ചു. സമുദായ ക്ഷേമത്തില്‍ സങ്കുചിത ദേശീയത എന്ന സങ്കല്‍പത്തെ എതിര്‍ത്ത് മതസത്വങ്ങള്‍ക്ക് പോറലേല്‍ക്കാത്ത 'ഫെഡറല്‍ അവിഭക്ത ഇന്ത്യ'ക്കായി വാദിച്ചു. പ്രഭാഷകന്‍ എന്ന നിലയില്‍ ജനങ്ങളെ ആവേശഭരിതനാക്കി. വിദ്യാഭ്യാസ വിചക്ഷണന്‍ എന്ന നിലയില്‍ അപകര്‍ഷത തീണ്ടാത്ത സ്വതന്ത്ര ചിന്തകള്‍ക്ക് തിരികൊളുത്തി. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമവായത്തെ എപ്പോഴും ഉയര്‍ത്തിപ്പിടിച്ചു. വിശ്വാസി എന്ന നിലയില്‍ അല്ലാഹുവിന്റെ ഉറ്റ തോഴനാവുകയും തൌഹീദിന് തന്റെ കലാചാതുരിയാല്‍ അപാര സൌന്ദര്യമേകുകയും ചെയ്തു.
 
എന്നാല്‍, ഈ ലേഖകനെ ഇഖ്ബാലിലേക്ക് ആകര്‍ഷിക്കുന്നത് 'ആധുനികത'യോട് തന്റെ ഇസ്ലാമിക വിശ്വാസവുമായി അദ്ദേഹം നടത്തിയ സംവാദമാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇന്ത്യയിലുണ്ടായ മതപരിഷ്കര്‍ത്താക്കളും സമുദായോദ്ധാരകരും ഇസ്ലാമിക ഭൂതകാലത്തിന്റെ പുനരുത്ഥാനമാണ് (Revivalisam) നടത്തിയതെങ്കില്‍, ഇഖ്ബാല്‍ ഈ ഫുഖഹാക്കളില്‍നിന്നും വ്യത്യസ്തമായി, ഐന്‍സ്റീന്റെ പ്രപഞ്ച വികസന സിദ്ധാന്തത്തിലൂടെയും പുതിയ നരവംശശാസ്ത്ര പഠനങ്ങളിലൂടെയും ഫെഡറിക്  നീത്ഷേയുടെ അതിമാനുഷിക (super man) സങ്കല്‍പത്തിലൂടെയും ഇസ്ലാമിനെ പുതിയതായി വായിച്ചെടുക്കുകയായിരുന്നു.
 
തന്റെ ദര്‍ശനത്തിന്റെ വേരുകള്‍ ഇസ്ലാമിക മിസ്റിസത്തില്‍ തന്നെയാണ് (സൂഫിസം) അദ്ദേഹം കണ്ടെത്തുന്നതെങ്കിലും സൂഫികള്‍ക്ക് സഹജമായ ചരിത്ര നിഷേധത്തെയും വ്യക്തിയിലേക്കുള്ള ഉള്‍വലിവിനെയും അദ്ദേഹം എതിര്‍ത്തു. അബ്ബാസി ഖിലാഫത്തിന് നേരെയുണ്ടായ കുപ്രസിദ്ധമായ ബഗ്ദാദ് ആക്രമണത്തിനുശേഷം ഇസ്ലാമില്‍ തത്ത്വാന്വേഷണങ്ങളും സ്വതന്ത്ര ചിന്തകളും നിശ്ചലമാകുകയും കര്‍മ സിദ്ധാന്തങ്ങളുടെയും (ഫിഖ്ഹ്) നിയമാവലികളുടെയും (ശരീഅത്ത്) വളര്‍ച്ച ത്വരിതഗതിയിലാവുകയും ചെയ്തു. ദൈവിക മതം പലപ്പോഴും കാര്‍ക്കശ്യത്തിന്റെ രൂപത്തിലേക്ക് ഉള്‍വലിഞ്ഞു. അശ്അരി, അല്‍ഗസ്സാലി, ഇബ്നു തൈമിയ മുതലായ സൈദ്ധാന്തികരിലൂടെ ശിലീകൃതമായ ഇസ്ലാമിക പാരമ്പര്യ ധാരയെ പുതിയ ലോകമാറ്റങ്ങളുടെ ചലനാത്മകതയിലേക്ക് കടത്തിവിടുകയാണ് ഇഖ്ബാല്‍ ചെയ്തത്. തഖ്ലീദില്‍ ആമഗ്നമായ സമൂഹത്തിന്റെ ആലസ്യത്തിനും അപകര്‍ഷത്തിനും ഭയപ്പാടിനും പകരം ഖുര്‍ആനില്‍ നിന്നുതന്നെ മനുഷ്യന്റെ അതുല്യതയെയും ഇഛാശക്തിയെയും കുറിച്ചുള്ള പാഠങ്ങള്‍ അദ്ദേഹം രൂപപ്പെടുത്തിയെടുത്തു.
 
"ആകാശ ഭൂമികളുടെയും പര്‍വതങ്ങളുടെയും മുന്‍പില്‍ ഈ അമാനത്തു വെച്ചു. അപ്പോള്‍ അതേറ്റെടുക്കാന്‍ അവ തയാറായില്ല. അവയതിനെ ഭയപ്പെട്ടു പക്ഷേ, മനുഷ്യനതേറ്റെടുത്തു.....'' (33:72).
 
ഇഖ്ബാലിന്റെ വീക്ഷണത്തില്‍ ദൈവത്തിന്റെ മുമ്പിലുള്ള ഒരു നിസ്സാരനോ വിധിയുടെ കളിപ്പാട്ടമോ അല്ല മനുഷ്യന്‍. ദൈവത്തില്‍നിന്നുള്ള ചൈതന്യം ഉള്‍ക്കൊണ്ട് അവനിലേക്ക് സഞ്ചരിച്ചെത്താന്‍ മോഹിക്കുന്ന പുതുയുഗസൃഷ്ടാവാണ്.
 
'ഖുദി' എന്ന പരികല്‍പനയില്‍ ഊന്നി പൂര്‍ണ മനുഷ്യന്‍ (അല്‍ ഇന്‍സാന്‍ അല്‍ കാമില്‍) എന്ന സങ്കല്‍പമാണ് ഇഖ്ബാല്‍ തന്റെ ദര്‍ശനമായി ലോകത്തിന് സമ്മാനിച്ചത്. ഈ ദര്‍ശനത്തിന്റെ സൂക്ഷ്മതയിലേക്കും ആഴത്തിലേക്കും 'കാവ്യബിംബങ്ങള്‍' (പേജ് 53) എന്ന അധ്യായത്തില്‍ ഗ്രന്ഥകര്‍ത്താവ് കടന്നു ചെല്ലുന്നുണ്ട്. ഈ പുസ്തകത്തിലെ ഏറ്റവും കാവ്യാത്മകവും ദാര്‍ശനികവുമായ സൌന്ദര്യം തുളുമ്പി നില്‍ക്കുന്ന ഭാഗമാണ് ഈ അധ്യായം. വായനക്കാരോട് ലളിതമായി സംവേദിക്കുന്നതും.
 
കവികള്‍ താഴ്വാരങ്ങളിലൂടെ സ്വപ്നാടകരായി സഞ്ചരിക്കുന്നവരാണെന്നും അവരില്‍ ചിലരെയൊഴികെ ആരെയും പിന്തുടരരുതെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. കവിതകളേക്കാള്‍ ഇസ്ലാമിക അടിത്തറയില്‍ രൂപപ്പെടുത്തിയെടുത്ത തന്റെ ദര്‍ശനത്തിനായിരുന്നു ഇഖ്ബാല്‍ മുന്‍തൂക്കം കൊടുത്തത്. അദ്ദേഹത്തിന്റെ കവിത അതുല്യമായ സൌന്ദര്യം ഉള്ളതായിരുന്നെങ്കിലും അതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളോട് അദ്ദേഹം അലംഭാവം പുലര്‍ത്തി. വാസ്തവത്തില്‍ തന്റെ ദര്‍ശനത്തെ സൌന്ദര്യവല്‍കരിക്കാനുള്ള ഒരു മാധ്യമം മാത്രമായിരുന്നു അദ്ദേഹത്തിന് കവിത. ഈ പ്രത്യേകതയെ ഗ്രന്ഥകാരന്‍ തിരിച്ചറിയുകയും അദ്ദേഹത്തിന്റെ രാഷ്ട്രീയപരവും ദാര്‍ശനികവുമായ കണ്ടെത്തലുകളെ ഒരു ചരടില്‍ മുത്തുകളെപോലെ കോര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചില കവിതകളുടെ ഉര്‍ദു മൂലം ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇഖ്ബാലിന്റെ കവിതകളുടെ സാമീപ്യവും സാന്നിധ്യവും വായനക്കാരില്‍ ഉളവാക്കാന്‍ പ്രേരകമാണ് അത്രയധികം പരീക്ഷിക്കാത്ത ഈ പുതു രീതി.
 
ഒരു ഉണര്‍ത്തു പാട്ടു പോലെയോ ആഹ്വാനം പോലെയോ ആയിരുന്നു ഇഖ്ബാലിന്റെ കവിത. അത് വായിക്കുന്നവരിലേക്ക് പുതിയൊരു ഊര്‍ജം പ്രവഹിക്കുന്നു. റൂമി, ലെനിന്‍, നീത്ഷേ, ശ്രീരാമന്‍. വിശ്വാമിത്രന്‍, ഖദ്ര്‍ എന്നിങ്ങനെ വിഭിന്ന കഥാപാത്രങ്ങള്‍ കവിതകളില്‍ പ്രത്യക്ഷപ്പെടുന്നു. ചില കവിതകളില്‍ അദ്ദേഹം അല്ലാഹുവിനെ സന്ദര്‍ശിക്കുകയും സംഭാഷണം നടത്തുകയും ചെയ്യുന്നു.
 
ഗ്രന്ഥകാരന്റെ ആമുഖവും ഇഖ്ബാലിന്റെ ഏതാനും കവിതാമുത്തുകളുടെ വിവര്‍ത്തനവും കഴിഞ്ഞാല്‍ നാലു അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. അതില്‍ ആദ്യത്തെ അധ്യായത്തില്‍ അദ്ദേഹത്തിന്റെ ജീവിതരേഖ സംക്ഷിപ്തമായി വിവരിക്കുന്നു. മൂന്നാമത്തെ അധ്യായം നേരത്തെ പറഞ്ഞപോലെ അദ്ദേഹത്തിന്റെ ദര്‍ശനത്തെക്കുറിച്ചാണ്. രണ്ടും നാലും അധ്യായങ്ങള്‍ അദ്ദേഹത്തിന്റെ സാമൂഹിക ഇടപാടിനെക്കുറിച്ചും ഇസ്ലാമിക അടിത്തറയിലുള്ള നവലോക സ്വപ്നത്തെക്കുറിച്ചുമാണ്.
 
ഇഖ്ബാല്‍ ഒരേസമയം ഒരു സാമുദായികവാദിയും ദേശീയവാദിയും അന്തര്‍ദേശീയവാദിയുമായിരുന്നു. ഈ വ്യക്തിത്വങ്ങള്‍ വൈരുധ്യങ്ങള്‍ പുലര്‍ത്താതെ നിലനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാശ്ചാത്യ സംസ്കാരത്തിന്റെ മൂല്യരാഹിത്യത്തെക്കുറിച്ചുള്ള വെറുപ്പും തന്റെ സമുദായത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ചുള്ള വേദനയും അദ്ദേഹത്തില്‍ പ്രകടമായിരുന്നു. വ്യക്തിനിഷ്ഠമായ തലത്തിലാണ് അദ്ദേഹം രൂപപ്പെടുത്തിയ ദര്‍ശനം നിലകൊണ്ടിരുന്നതെങ്കിലും സാമൂഹികതലത്തിലും അദ്ദേഹത്തിന്റെ ചിന്ത വ്യാപരിച്ചിരുന്നു. തന്റെ സംസ്കാരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പും ലോകാധിപത്യവുമായിരുന്നു അദ്ദേഹത്തിന്റെ സാമൂഹികസ്വപ്നം.
 
അദ്ദേഹം ജീവിച്ചിരുന്ന കാലം (പത്തൊമ്പതിന്റെ അവസാനവും ഇരുപതിന്റെ തുടക്കവും) പുതിയ ലോകത്തെയും പുതിയ മനുഷ്യനെയും കുറിച്ചുള്ള സ്വപ്നങ്ങളുടെ കാലമായിരുന്നു. സാര്‍വദേശീയത, സമഗ്രാധിപത്യ വാസന, പുതിയ ലോക സൃഷ്ടി മുതലായവ അക്കാലത്തെ തത്ത്വശാസ്ത്രങ്ങളുടെ അടിസ്ഥാന ചോദകങ്ങളായിരുന്നു (മാര്‍ക്സിന്റെ അന്യന്റെ വാക്കുകള്‍ സംഗീതം പോലെയാസ്വദിക്കുന്ന കമ്യൂണിസ്റു വ്യവസ്ഥിതിയും നീത്ഷേയുടെ ലോകത്തെ ഭരിക്കുന്ന സൂപ്പര്‍മാനും കൂടാതെ ഒട്ടേറെ സോഷ്യലിസ്റ് ഉട്ടോപ്യന്‍ ചിന്താഗതികളും). ഈ കാലത്തിന്റെ സ്വാധീനത്തില്‍നിന്ന് ഇഖ്ബാലും മുക്തനായിരുന്നില്ല. ബഹുസ്വര സ്വഭാവമുള്ള ഇന്ത്യന്‍ ദേശീയതയില്‍ വിശ്വസിക്കുമ്പോഴും തൌഹീദില്‍ പ്രതിഷ്ഠാപിതമായ 'പാന്‍ ഇസ്ലാമിസ'ത്തെയും അദ്ദേഹം മനസ്സില്‍ കുടിയിരുത്തി. ഇങ്ങനെ അനേകം വിരുദ്ധ വ്യക്തിത്വങ്ങള്‍ അദ്ദേഹത്തില്‍ കാണാനാകുമെങ്കിലും അവ ഒരു സംഗീതധാരയിലെന്നപോലെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലും കവിതയിലും വിലയിച്ചു കിടക്കുന്നു. ഒരൊറ്റ ചരടിലെന്നപോലെ ഇഖ്ബാലിന്റെ ദര്‍ശനത്തെയും കവിതയെയും കോര്‍ത്തിണക്കാനുള്ള ശ്രമമാണ് തന്റെ പുസ്തകമെന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ പറയുന്നുണ്ട്. ആ ശ്രമത്തില്‍ ഗ്രന്ഥകാരന്‍ വിജയിക്കുന്നുണ്ടുതാനും.
 
ബൃഹത്തും കേവലവുമായ (grand narration) ചിന്തകള്‍ക്ക് പ്രസക്തി നഷ്ടപ്പെടുകയും സൂക്ഷ്മവും പ്രാദേശികവുമായ പ്രതിരോധങ്ങള്‍ക്ക് (micro politics) പ്രസക്തി വര്‍ധിക്കുകയും ചെയ്തിരിക്കുന്ന ഇക്കാലത്ത്, ഇഖ്ബാലിനെ പോലുള്ളവര്‍ സൃഷ്ടിച്ചെടുത്ത സമഗ്രതയുടേതായ ജ്ഞാനരൂപങ്ങള്‍ക്ക് എത്രമാത്രം കാലികത ഉണ്ട് എന്ന ചോദ്യവും അടുത്തതായി അവശേഷിക്കുന്നുണ്ട്. എങ്കിലും അദ്ദേഹം സൃഷ്ടിച്ച 'അപാര പ്രപഞ്ചങ്ങള്‍'ക്ക് ഈ കാലത്തും മനുഷ്യരില്‍ പ്രതീക്ഷയും ശക്തിയും പകരാന്‍ കഴിയുന്നുണ്ടെന്ന വസ്തുതയും മറച്ചു വെച്ചുകൂടാ.
 
അവസാന വിശകലനത്തില്‍ ഇഖ്ബാലിന്റെ സംഭാവനകളെ ഇങ്ങനെ സംഗ്രഹിക്കാം. പ്രകൃതിയിലെ ഓരോ വസ്തുക്കളും ഓരോ മനുഷ്യരും അവയുടെ മൌലികതകള്‍ കൊണ്ടും പ്രത്യേകതകള്‍ കൊണ്ടും വ്യത്യസ്തമാണ്. ഈ 'വ്യത്യസ്തത'യെയും 'അനന്യത'യെയും ഖുര്‍ആന്‍ അംഗീകരിക്കുന്നുണ്ട്.
 
ഇസ്ലാം ഒരു 'മോചനമാര്‍ഗ'മായി നിലനില്‍ക്കുമ്പോള്‍ തന്നെ ഓരോരുത്തരും അതിനെ ഉള്‍ക്കൊള്ളുന്നതും ജീവിതത്തില്‍ ആവിഷ്കരിക്കുന്നതും തങ്ങളുടെ വ്യത്യസ്തതകളോടെയാണ്. ഖുര്‍ആന്റെ അടിസ്ഥാന സത്തയില്‍ ഉറച്ചുനിന്നുകൊണ്ടു തന്നെ അതില്‍ പുതിയ സാധ്യതകള്‍ ആരായുകയാണ് ഇഖ്ബാല്‍. വേദ പുസ്തകത്തെ മുന്‍ നിറുത്തി ഇനിയും അന്വേഷണങ്ങള്‍ സാധ്യമാണെന്ന് ഇങ്ങനെ അദ്ദേഹം വിളിച്ചു പറയുന്നു. ഇസ്ലാമിന്റെ ആധുനിക കാലത്തേക്കുള്ള ഇജ്തിഹാദ് ആണ് ഇഖ്ബാല്‍ ദര്‍ശനം. കവിതകള്‍ അതിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയും. വിശ്വാസികളെ ആത്മാവു നഷ്ടപ്പെട്ട ആള്‍ക്കൂട്ടമായോ ചൈതന്യം നഷ്ടപ്പെട്ട ജഡരൂപങ്ങളായോ മാറ്റാന്‍ ശ്രമിക്കുന്ന മതയാഥാസ്ഥിതികത്വത്തിനും മതഫാസിസത്തിനുമെതിരെ നില്‍ക്കുന്നു ആ ദര്‍ശനവും കവിതയും.
 
 
പുസ്തകം
 
ഇഖ്ബാലിനെ കണ്ടെത്തല്‍
 
ടി.കെ അബ്ദുല്ല
 
ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ്, കോഴിക്കോട്
 
വില: 65.00

Thursday, 7 July 2011

ജീവന്‍ വെടിയും മുന്നേ



ജീവന്‍ വെടിയും മുന്നേ 
ചിന്തിച്ചോരുങ്ങി നില്‍ക്കൂ 
ജീവന്‍ പോയിടും മുന്നേ ....

ഖബറകം ചെല്ലുമ്പോള്‍ 
ഖല്‍ബില്‍ കുളിര്‍മയേകാന്‍ 
കലിമ വഴി തേടൂ 

ജീവന്‍ വെടിയും മുന്നേ
ചിന്തിച്ചോരുങ്ങി നില്‍ക്കൂ 
ജീവന്‍ പോയിടും മുന്നേ ....

ഖബറകം ചെല്ലുമ്പോള്‍ 
ഖല്‍ബില്‍ കുളിര്‍മയേകാന്‍ 
കലിമ വഴി തേടൂ 

ജീവന്‍ വെടിയും മുന്നേ 

മരണത്തോടുള്ളാശ 
നിന്‍ ഖല്ബിലില്ലെന്നാലും 
നീ മൌത്താകുമല്ലോ

മരണത്തോടുള്ളാശ 
നിന്‍ ഖല്ബിലില്ലെന്നാലും 
നീ മൌത്താകുമല്ലോ

നീ മൌത്താകുമല്ലോ

നീ മൌത്താകുമല്ലോ

കൂട്ടു കുടുംബങ്ങളും 
ഭാര്യ സന്താനങ്ങളും 
നിന്നെ കൈവിടുമല്ലോ 

കൂട്ടു കുടുംബങ്ങളും 
ഭാര്യ സന്താനങ്ങളും 
നിന്നെ കൈവിടുമല്ലോ 

ജീവന്‍ വെടിയും മുന്നേ
ചിന്തിച്ചോരുങ്ങി നില്‍ക്കൂ 
ജീവന്‍ പോയിടും മുന്നേ ....

ഖബറകം ചെല്ലുമ്പോള്‍ 
ഖല്‍ബില്‍ കുളിര്‍മയേകാന്‍ 
കലിമ വഴി തേടൂ 

ജീവന്‍ വെടിയും മുന്നേ 

ഭൌതികത്തിന്‍ പ്രേമം 
നിന്‍ സകറാതിന്‍ നേരം 
നീ ഖേദിക്കുമല്ലോ 

ഭൌതികത്തിന്‍ പ്രേമം 
നിന്‍ സകറാതിന്‍ നേരം 
നീ ഖേദിക്കുമല്ലോ 

നീ ഖേദിക്കുമല്ലോ 

നീ ഖേദിക്കുമല്ലോ 

സര്‍വ സമ്പത്തുകളും 
സുഖ സൌകര്യങ്ങളും 
നിന്നെ കൈവിടുമല്ലോ 

സര്‍വ സമ്പത്തുകളും 
സുഖ സൌകര്യങ്ങളും 
നിന്നെ കൈവിടുമല്ലോ 

ജീവന്‍ വെടിയും മുന്നേ
ചിന്തിച്ചോരുങ്ങി നില്‍ക്കൂ 
ജീവന്‍ പോയിടും മുന്നേ ....

ഖബറകം ചെല്ലുമ്പോള്‍ 
ഖല്‍ബില്‍ കുളിര്‍മയേകാന്‍ 
കലിമ വഴി തേടൂ 

ജീവന്‍ വെടിയും മുന്നേ 

സാലികിന്‍ പ്രയാണം 
സാക്ഷാല്‍കരിക്ക വേണം 
ഈ സാധു എന്നിലും 

സാലികിന്‍ പ്രയാണം 
സാക്ഷാല്‍കരിക്ക വേണം 
ഈ സാധു എന്നിലും 

ഈ സാധു എന്നിലും 

ഈ സാധു എന്നിലും 

ശൈഖ്‌ നൂറുല്ലാശാവേ 
ഹഖിന്‍ ആനന്ദപ്പൂവേ
ഞങ്ങള്‍ക്കേകിയ നാഥാ 

ശൈഖ്‌ നൂറുല്ലാശാവേ 
ഹഖിന്‍ ആനന്ദപ്പൂവേ
ഞങ്ങള്‍ക്കേകിയ നാഥാ 

ജീവന്‍ വെടിയും മുന്നേ
ചിന്തിച്ചോരുങ്ങി നില്‍ക്കൂ 
ജീവന്‍ പോയിടും മുന്നേ ....

ഖബറകം ചെല്ലുമ്പോള്‍ 
ഖല്‍ബില്‍ കുളിര്‍മയേകാന്‍ 
കലിമ വഴി തേടൂ 

ജീവന്‍ വെടിയും മുന്നേ
ചിന്തിച്ചോരുങ്ങി നില്‍ക്കൂ 
ജീവന്‍ പോയിടും മുന്നേ ....

ഖബറകം ചെല്ലുമ്പോള്‍ 
ഖല്‍ബില്‍ കുളിര്‍മയേകാന്‍ 
കലിമ വഴി തേടൂ 

ജീവന്‍ വെടിയും മുന്നേ .....















സുഹ്ദിന്റെ മാര്‍ഗം

   ഇസ്ലാമിക ജീവിതം നയിക്കുന്ന ഒരാള്‍ക്ക് പ്രാപിക്കാനുള്ള ഉന്നത പദവികളില്‍ ഒന്നാണ് സുഹ്ദ് . സുഹ്ദ് എന്നാല്‍ അല്ലാഹു നല്‍കുന്ന സുഖ സൗകര്യങ്ങളെയും ഭാര്യാ സന്താനങ്ങളെയും ഉപേക്ഷിച്ച് വല്ല കാട്ടിലോ മലയുടെ മുകളിലോ പോയി ജീവിക്കുക എന്നതല്ല . ഒരു പക്ഷെ സാധാരണക്കാര്‍ ഇന്ന് സുഹ്ദിനെക്കുറിച്ച്  ധരിച്ചു വെച്ചിരിക്കുന്നത് അങ്ങനെയാണ് . സുഹ്ദിനെക്കുറിച്ച് മഹാനായ സൈനുദ്ധീന്‍ മഖ്ദൂം (റ) അവരുടെ തത്വോപദേശ കാവ്യമായ അദ്കിയായില്‍ പറയുന്നത് നോക്കുക ."സുഹ്ദ് എന്നാല്‍ അല്ലാഹു നല്‍കുന്ന സുഖ സൗകര്യങ്ങളെയും സമ്പത്തിനെയും ഒഴിവാക്കലല്ല . മറിച്ച് ആ സുഖ സൗകര്യങ്ങളോടും സമ്പത്തിനോടുമോക്കെയുള്ള നിന്റെ ഖല്‍ബിന്റെ ബന്ധത്തെ ഇല്ലതാക്കലാണ് . ഇങ്ങനെ ദുനിയാവിനോടുള്ള ബന്ധത്തെ നീ ഖല്‍ബില്‍ നിന്ന് ഒഴിവാക്കുകയാണെങ്കില്‍ ജനങ്ങളില്‍ വെച്ച് ഏറ്റവും ബുദ്ധിയുള്ളവന്‍ നീയായിത്തീരും."

സത്യത്തില്‍ ദുനിയാവ് എന്നത് ഏതൊരു മനുഷ്യനെയും വീഴ്ത്തുന്ന ചതിക്കുഴിയാണ് . തിരുനബി(സ)  മൊഴിഞ്ഞിരിക്കുന്നു."ദുനിയാവ് ചത്ത ശവമാകുന്നു.അതിനെ തേടുന്നവനോ   നായയും. "  എന്നാല്‍ ബഹുഭൂരിപക്ഷം മുസ്ലിംകളും ഇന്ന് അല്ലാഹുവിനെയും റസൂലി(സ)നെയും ഉപേക്ഷിച്ച്‌ ദുനിയ്യാവ് പ്രാപിക്കാനുള്ള നെട്ടോട്ടത്തിലാണ് . ചത്ത ശവത്തെ പ്രാപിക്കാനുള്ള ഈ നെട്ടോട്ടത്തില്‍ യഥാര്‍ത്ഥത്തില്‍ അവര്‍ എല്ലാം നഷ്ടപ്പെട്ടവരായാണ് മാറുന്നത് . അത് കൊണ്ടാണ് മഹാന്മാരായ മശാഇഖന്മാര്‍ നമ്മെ ഇങ്ങനെ പഠിപ്പിക്കുന്നത്‌ ."വല്ല ഒരുത്തനും അവന്റെ സ്വന്തം  നിഴലിനെ പിടിക്കാന്‍ വേണ്ടി അവന്റെ ജീവിത കാലം മുഴുവനും ശ്രമിക്കുകയാണെങ്കിലും ഒരിക്കലും അതിനെ കരഗതമാക്കാന്‍ അവനു സാധിക്കുകയില്ല . എന്നാല്‍ ആ നിഴലിനെ പിടിക്കുന്ന പാഴ്വേലയില്‍ നിന്ന് പിന്തിരിഞ്ഞ് അല്ലാഹുവിനെ ലക്‌ഷ്യം വെക്കുകയാണെങ്കില്‍ ആ നിഴല്‍ അവന്റെ പിന്നാലെ വരും . "  മശാഇഖന്മാരുടെ ജീവിതം തന്നെ അതിനു സാക്ഷ്യമാണ് . അല്ലാഹു അവര്‍ക്കാവശ്യമുള്ള ദുനിയാവിന്റെ എല്ലാ ഓഹരികളും അവരാവശ്യപ്പെടാതെ തന്നെ അവര്‍ക്ക് നല്‍കുന്നുണ്ട് . തീര്‍ച്ചയായും ഇത് അവര്‍ ഏത് ആവശ്യത്തിനും അല്ലാഹുവിനെ മാത്രം അവലംബമാക്കുന്നതിനാലാണ് .  

ദുനിയാവിനോടുള്ള ഖല്‍ബിന്റെ ഈ ബന്ധത്തില്‍ നിന്ന് രക്ഷ നേടാന്‍ മഹാനായ സൈനുദ്ധീന്‍ മഖ്ദൂം(റ) തന്നെ അദ്കിയായില്‍ നാല് കാര്യങ്ങള്‍ പഠിപ്പിക്കുന്നു . 

1)  ജനങ്ങള്‍ ചെയ്യുന്ന വിവരക്കേടിനെ നീ പൊറുത്തു കൊടുക്കുക .
     
      തിരുനബി(സ) യുടെയും അല്ലാഹുവിന്റെ ഔലിയാക്കളുടെയും സ്വഭാവ സവിശേഷതയാണിത് .അല്ലാഹുവിന്റെ റസൂലി(സ)നു ത്വാഇഫ് നിവാസികളില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന ഉപദ്രവങ്ങളുടെ സന്ദര്‍ഭത്തില്‍ കാരുന്യക്കടലായ ആ മഹാദൂതര്‍ അവര്‍ക്ക് പൊറുത്തു കൊടുക്കാന്‍ പ്രാര്‍ഥിക്കുകയാണ്  ചെയ്തത് .
     
2) വിവരമില്ലാത്തവനാകുന്നതില്‍ നിന്ന്  സ്വന്തത്തെ തടയുക.
3) ജനങ്ങളുടെ ഔദാര്യത്തില്‍ നിന്ന് ആശ മുറിഞ്ഞവനായി മാറുക.
4) നിന്നില്‍ നിന്നുള്ള ഔദാര്യം ജനങ്ങളിലേക്ക് ഒഴുക്കുന്നവനാകുക.


ഇക്കാര്യം നമുക്ക് നേടിയെടുക്കണമെങ്കില്‍ അതില്‍ പരിശീലനം സിദ്ധിച്ച അല്ലാഹുവിന്റെ ഔലിയാക്കളുടെ ബന്ധവും സഹവാസവും അനിവാര്യമാണ് . അല്ലാഹു ഈ നിഅമത് കൊണ്ട്  അനുഗ്രഹിച്ചതിന് സര്‍വസ്തുതിയും അവനു തന്നെയാണ് . ദുനിയാവില്‍ നിന്ന് രക്ഷ നേടി ശരിയായ സാഹിദുകളായി ഇസ്തിഖാമതോടെ അല്ലാഹുവിലേക്ക് മടങ്ങാന്‍ അവന്‍ തൌഫീഖ് ചെയ്യുമാറാകട്ടെ . ആമീന്‍  




Sunday, 3 July 2011

ശ്രേഷ്ടതയിലേക്കുള്ള ലയനം

നാം മനുഷ്യര്‍ ഇവിടെ ജീവിക്കുക എന്നത് സൃഷ്ടാവായ അല്ലാഹുവിന്റെ ഇഷ്ടമാണ് . ഉന്നത പദവികള്‍ നല്‍കി അള്ളാഹു മനുഷ്യകുലത്തെ ആദരിച്ചു . അള്ളാഹു പറയുന്നു . "ആദം സന്തതികളെ നാം ബഹുമാനിച്ചിരിക്കുന്നു" . (അല്‍ ഇസ്റാ : 70).  അല്ലാഹുവിനു വഴിപ്പെട്ടവരെന്നോ വഴിപ്പെടാത്തവരെന്നോ ഉള്ള വ്യത്യാസമില്ലാതെ മുഴുവന്‍ മനുഷ്യര്‍ക്കും അള്ളാഹു നല്‍കിയിട്ടുള്ള ഔന്നത്യവും ശ്രേഷ്ടതയുമാണ് ഈ ആയതു ഉള്‍ക്കൊണ്ടിട്ടുള്ളത് . കല്ല്‌,മണ്ണ്,വായു,വെള്ളം(ജമാദാത്) തുടങ്ങിയ വസ്തുക്കളും വൃക്ഷലതാദികളും (നബാതാത് ) പക്ഷിമൃഗാദികളും (ഹയവാനാത്) അവയുടെ വൈവിദ്ധ്യമാര്‍ന്ന വര്‍ണങ്ങളെ കൊണ്ടും ഗുണവൈഭവങ്ങളെ കൊണ്ടും ദൃഷ്ടിഗോചരമായ ബാഹ്യ ലോകത്തെ(ആലമുശ്ഷഹാദ) അലങ്കരിക്കുന്ന സൃഷ്ടികളാണ് . ഇവയില്‍ കല്ല്‌ , മണ്ണ് , വെള്ളം പോലുള്ള വസ്തുക്കള്‍ ഫല വൃക്ഷങ്ങളിലേക്കും ചെടികളിലേക്കും ആവാഹിക്കപ്പെട്ട് അവയെക്കാള്‍ ഉല്‍കൃഷ്ടമായ തണ്ടുകളും ഇലകളും കായ്കനികളും ഉണ്ടാകുന്നു . 

കൂടുതല്‍ ഉല്‍കൃഷ്ടമായ ഒന്നിലേക്ക് ചെന്ന് ചേരുക എന്ന സവിശേഷതയാണ് അള്ളാഹു ഓരോ സൃഷ്ടിയിലും നിശ്ചയിച്ചിട്ടുള്ളത് . അതിനാല്‍ സസ്യങ്ങളും കായ്കനികളും പക്ഷിമൃഗാദികളാലും മനുഷ്യരാലും ഉപയോഗിക്കപെടുകയും ഭക്ഷിക്കപ്പെടുകയും ചെയ്യുന്നു . 

മേല്‍ പറഞ്ഞ ജമാദാത് , നബാതാത് , ഹയവാനാത് എന്നീ മൂന്നു വിഭാഗം സൃഷ്ടികളേക്കാള്‍ ശ്രേഷ്ടമായ ഗുണങ്ങളോടെയാണ് അല്ലാഹു മനുഷ്യവര്‍ഗത്തെ (ഇന്‍സാന്‍) സൃഷ്ടിച്ചിട്ടുള്ളത് . ഉപരിസൂചിതമായ മൂന്നു വിഭാഗം സൃഷ്ടികളേയും മനുഷ്യന് വേണ്ടി അല്ലാഹു കീഴ്പ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. "ഭൂമിയിലുള്ളതിനെ മുഴുവനായും ഞാന്‍ നിങ്ങള്ക്ക് കീഴ്പ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു" എന്ന ഖുര്‍ആനിക പ്രഖ്യാപനം അതാണല്ലോ സാക്ഷ്യപ്പെടുത്തുന്നത് . അതിന്നാവശ്യമായ സാമര്ത്യങ്ങളാലും കഴിവുകളാലും അല്ലാഹു മനുഷ്യനെ അനുഗ്രഹിച്ചിട്ടുമുണ്ട് . എന്നാല്‍ ഈ മനുഷ്യന്‍ ആരെയാണ് തേടേണ്ടത് ? . അവനെക്കാള്‍ ഉയര്‍ന്ന ഒരു സൃഷ്ടി വേറെ ഇല്ലെന്നിരിക്കെ , സൃഷ്ടാവിനെ മാത്രമാണ് അവന്‍ തേടേണ്ടത് !. 

അല്ലാഹു ഖുര്‍ആനില്‍ പറയുന്നു . "ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനു തസ്ബീഹു ചെയ്യുന്നു . അവന്‍ അജയ്യനും തന്ത്രജ്ഞനും ആകുന്നു ." (അല്‍ ഹദീദ് -1) 
  
സദാ സമയവും അല്ലാഹുവിനുള്ള പ്രകീര്‍ത്തനങ്ങളിലും വാഴ്തലുകളിമാണ് ആകാശഭൂമികളിലുള്ള മുഴുവന്‍ സൃഷ്ടിജാലങ്ങളും എന്നാണു അല്ലാഹു ഇവിടെ പറയുന്നത് . സൃഷ്ടാവിന്റെ സ്മരണയിലേക്ക് നിന്നെ ക്ഷണിക്കുന്ന കോഴിയുടെ കൂവലും പകലിനെ രാവ് വന്നു മൂടുന്ന നേരത്ത് നിറഞ്ഞ മേടയുമായി തങ്ങളുടെ കൂടുകളിലേക്ക്‌ ചേക്കേറുന്ന പറവകളുടെ കളകൂജനങ്ങളും ഉന്നതനായ സൃഷ്ടാവിനുള്ള പ്രണാമങ്ങളാണ്  എന്ന് നീ മനസ്സിലാക്കുക . 

നിന്റെ ഭക്ഷണത്തിന് വേണ്ടിയോ മറ്റാവശ്യങ്ങള്‍ക്ക് വേണ്ടിയോ സംഹരിക്കപ്പെടുന്ന ഈ  ജീവജാലങ്ങള്‍ അവയില്‍ നിലനിന്നിരുന്ന തസ്ബീഹുകള്‍ കൂടുതല്‍ ഉന്നതമായ രീതിയില്‍ നിന്നിലൂടെ നിലനിര്ത്തപ്പെടാന്‍ ആഗ്രഹിക്കപ്പെടുന്നുണ്ടെന്നു നീ മനസ്സിലാക്കുക . ദുനിയാവിലെ ഹ്രസ്വമായ ജീവിതത്തില്‍ നാം അനസ്യൂതം ഇടപെട്ടുകൊണ്ടിരിക്കുന്ന ഈ സൃഷ്ടികളുടെ യാഥാര്‍ത്ഥ്യം ഉണര്‍ന്നറിയാന്‍ നാം തയ്യാറാകുക . യഥാര്‍തത്തില്‍ നമ്മുടെ വിവിധ ആവശ്യങ്ങള്‍ക്ക് സബബായി സൃഷ്ടിക്കപ്പെട്ട ഈ സൃഷ്ടികളെയല്ല നമുക്ക് തേടാനുള്ളത് . പ്രത്യുത അവയുടെയും നമ്മുടെയും സൃഷ്ടാവായ അല്ലാഹുവിനെയാണ് . 

അല്ലാഹുവുമായി തനിക്കുള്ള ബന്ധം ഓരോ നിമിഷവും എപ്രകാരമാണ് ആയിരിക്കേണ്ടത് എന്നത് തിരുനബി (സ) സ്വഹാബതിനു പഠിപ്പിച്ചിട്ടുണ്ട് . തന്നിമിത്തം സദാസമയം അല്ലാഹുവുമായുള്ള ബന്ധം നിലനിര്‍ത്തി കൊണ്ട് അവനോടുള്ള പ്രേമത്തിലും അവന്റെ തേട്ടത്തിലുമായാണ് വിശുദ്ധരായ സ്വഹാബാക്കള്‍ ജീവിച്ചത് . 

അല്ലാഹുവിന്റെ ഹബീബായ തിരുനബി(സ)  യിലൂടെ അല്ലാഹുവിനെ പൂര്‍ണമായി തൃപ്തിപ്പെടുന്ന അവസ്ഥ അവര്‍ക്ക് കൈവന്നു . "അല്ലാഹു അവരിലും അവര്‍ അല്ലാഹുവിലും" ത്രുപ്തിപ്പെട്ടവരായി . ഈ ഉന്നതമായ തലത്തിലെക്കാണ് ഓരോ മനുഷ്യനും വളരാനുള്ളത് . ഈ ലക്ഷ്യത്തെ പരിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ നമുക്ക് പഠിപ്പിച്ചു തന്ന് അല്ലാഹുവിന്റെ തൃപ്തിതിയിലേക്ക് നമ്മെ കൈ പിടിക്കുന്നവരാണ് യഥാര്‍ത്ഥ പണ്ഡിതന്മാര്‍ . അത്തരക്കാരുമായുള്ള ബന്ധത്തിലൂടെയും സഹവാസത്തിലൂടെയും മാത്രമേ യഥാര്‍ത്ഥ ലക്‌ഷ്യം പ്രാപിച്ചു ഫലപ്രദരായിത്തീരാന്‍  നമുക്ക് സാധിക്കുകയുള്ളൂ  . അതിനു അല്ലാഹുവിന്റെ തൗഫീഖു ഉണ്ടാകട്ടെ . ആമീന്‍ 




Monday, 27 June 2011

സൂഫി

സര്‍വ്വര്‍ക്കും മൃത്യു ഭീതിദം 
സൂഫികള്‍ അതെപ്പറ്റി മന്ദഹസിക്ക മാത്രം 
ചിപ്പിക്കെന്തു സംഭവിച്ചാലും 
മുത്ത്‌ ഭദ്രമല്ലോ ....


സൂഫി നിലനില്‍ക്കുന്ന നിമിഷത്തിലാണ് 
നാളെ അവരുടെതല്ല

സൂഫിയുടെ ഗ്രന്ഥം 
അക്ഷരങ്ങളുടെതല്ല 
മഞ്ഞു പോല്‍ വെണ്‍മയാര്‍ന്ന 
ഹൃത്തടം തന്നെയല്ലോ 

                                - റൂമി(റ)